Breaking News

മൗനം കൊണ്ട് വാക്കുകൾ സൃഷ്ടിച്ച ബഷീർ

നമ്മുടെ സാഹിത്യത്തിലെ വര്‍ണ്ണവ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് എഴുപതുവര്‍ഷം മുമ്പ് ഒരു മനുഷ്യന്‍ മലയാളത്തിന്റെ മുന്നിലേക്ക് കടന്നു വന്നു. വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത് ആഖ്യയും ആഖ്യാതവും തിരിച്ചറിയാതെ നടന്ന ആ മനുഷ്യനു പിന്നാലേ വാക്കുകള്‍ കരഞ്ഞു വിളിച്ചു നടന്നു. കരഞ്ഞു വിളിച്ച വാക്കുകളെ അദ്ദേഹം കാരുണ്യത്തോടെ എടുത്തപ്പോള്‍ അവയ്ക്കു രൂപപരിണാമം വന്നു. അദ്ദേഹം വാക്കുകളെക്കൊണ്ട് മൗനം സൃഷ്ടിച്ചു: മൗനത്തെക്കൊണ്ട് വാക്കുകളെയും.
തന്റേതു മാത്രമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് മലയാളത്തിലെ മറ്റെല്ലാ എഴുത്തുകാരില്‍ നിന്നും ഒറ്റപ്പെട്ടുനിന്ന മൗലികപ്രതിഭയായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ . കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കില്‍ ബഷീര്‍ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തു കൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും ഒപ്പം കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍ അദ്ദേഹം പറഞ്ഞപ്പോള്‍ അത് ജീവസ്സുറ്റതും കാലാതിവര്‍ത്തിയും ആയി. സമൂഹത്തിനു നേരെയുള്ള വിമര്‍ശനങ്ങള്‍ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത ആ കൃതികളെ അനശ്വരമാക്കി. മലയാളിയെ വായിക്കാന്‍ പഠിപ്പിച്ച ആ തൂലിക നിശ്ചലമായിട്ട് ജൂലൈ അഞ്ചിന് പത്തൊമ്പതു വര്‍ഷം തികയുകയാണ്.
1908 ജനുവരി 21ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ തലയോലപ്പറമ്പ് ഗ്രാമത്തില്‍ കായി അബ്ദു റഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും മൂത്ത മകനായി വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്‌ളീഷ് സ്‌കൂളിലുമായിരുന്നു. കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ നിന്നും ഒളിച്ചോടി. കാല്‍നടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീര്‍ ഗാന്ധിജിയെ തൊട്ടു എന്ന് പില്‍ക്കാലത്ത് അഭിമാനത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്.
1930ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയില്‍ തീവ്രവാദ സംഘമുണ്ടാക്കി. സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികള്‍ . ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക കണ്ടുകെട്ടിയതിനു ശേഷം ചെറുപ്പത്തിന്റെ തന്റേടവുമായി തിളച്ചു മറിയുന്ന ഭാരതത്തിലൂടെ ബഷീര്‍ അലഞ്ഞു. ആഫ്രിക്ക, അറേബ്യ, തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹം ഊരുചുറ്റി. ഇക്കാലങ്ങളില്‍ എത്രയെത്ര വേഷങ്ങള്‍ ധരിച്ചു. എത്രയോ വ്യത്യസ്ത സംസ്‌കാരങ്ങളെ കണ്ടുമുട്ടി. ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും തീവ്ര ദാരിദ്ര്യവും മനുഷ്യ ദുരയും നേരിട്ടു കണ്ടു,
ജോലിയന്വേഷിച്ചാണ് ബഷീര്‍ ‘ജയകേസരി’പത്രാധിപരായിരുന്ന പദ്മനാഭ പൈയുടടുത്തെത്തിയത്. ജോലി തരാന്‍ നിവൃത്തിയില്ലെന്നും കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീര്‍ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകന്‍ നായകനുമായി എഴുതിയ ‘തങ്കം’ അങ്ങനെ ബഷീറിന്റെ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട കഥയായി.
1943-ല്‍ മലയാള സാഹിത്യത്തിന് ഒരു പ്രേമലേഖനവുമായി ബഷീര്‍ കടന്നു വന്നു. വിശ്വപ്രേമത്തിന്റെ കാരുണ്യവുമായി പിന്നീട് ധാരാളം കൃതികള്‍ നമുക്കു കിട്ടി. കേരളത്തിന്റെ മണ്ണിലേയ്ക്ക് താന്‍ കൊണ്ടുവന്ന അനുഭവങ്ങളുടെ പുതിയ ദിക്കുകള്‍ കാണിച്ചുതന്ന ബഷീര്‍ നമ്മുടെ സാഹിത്യത്തിന്റെ അന്നോളമുള്ള ലാവണ്യനിയമങ്ങളെ ധിക്കരിച്ചു. അങ്ങനെ ഭാഷയുടെ ഭാഷയാണ് താനെന്ന് ബഷീര്‍ നമ്മെ ബോധ്യപ്പെടുത്തി.
സാമാന്യം മലയാളഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും. എന്നാല്‍ അതീവ ലളിതവും ശൈലികള്‍ നിറഞ്ഞതുമായ ആ രചനകള്‍ പരിഭാഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് എന്നീ നോവലുകള്‍ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തര്‍ജമ ചെയ്തു പ്രസിദ്ധപ്പെടുത്തി. ഡോ. റൊണാള്‍ഡ് ആഷര്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത ഈ കൃതികള്‍ സ്‌കോട്ട്‌ലണ്ടിലെ ഏഡിന്‍ബറോ സര്‍വ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്്. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകള്‍ വന്നിട്ടുണ്ട്. ഇതിനു പുറമേ മതിലുകള്‍ , ശബ്ദങ്ങള്‍ , പ്രേമലേഖനം എന്നീ നോവലുകളും പൂവന്‍പഴം ഉള്‍പ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു.
1977 ജൂലൈയിലാണ് ബഷീറിന്റെ ഒരു കൃതി പ്രസിദ്ധീകരിക്കാനുള്ള ഭാഗ്യം ഡി സി ബുക്‌സിന് കൈവന്നത്. ഭൂമിയുടെ അവകാശികള്‍ . പിന്നീട് ബഷീറിന്റെ എല്ലാ കൃതികളുടേയും പ്രസിദ്ധീകരണാവകാശം ഡിസി ബുക്‌സിന് ലഭിച്ചു. 1992ല്‍ ബഷീര്‍ സമ്പൂര്‍ണ കൃതികളും ഡി സി പ്രസിദ്ധീകരിച്ചു. രണ്ട് വാല്യങ്ങളിലായി ബഷീര്‍ സാഹിത്യം സമ്പൂര്‍ണമായി സമാഹരിച്ച ഈ പുസ്തകം പതിനായിരക്കണക്കിന് വായനക്കാര്‍ നിധിപോലെ സൂക്ഷിക്കുന്നുണ്ട്.
1982ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ പുരസ്‌കാരം നല്‍കി ബഷീറിനെ ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ‘ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്’ ബിരുദം (1987), സംസ്‌കാരദീപം അവാര്‍ഡ് (1987), പ്രേംനസീര്‍ അവാര്‍ഡ് (1992), ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് (1992), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993), വള്ളത്തോള്‍ പുരസ്‌കാരം(1993) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 1994 ജൂലൈ അഞ്ചിന് അദ്ദേഹം അന്തരിച്ചു.

കടപ്പാട്: ഡി.സി. ബുക്സ്

1 comment:

  1. മലയാളമണ്ണിനെ പേനയാല് പുണ൪ന്ന ബഷീ൪ക്കായെ കുറിച്ചുള്ള ഈ കുറിപ്പ് ഹൃദ്യമായി..
    മുന്നോട്ടുള്ള ചലനത്തിന് ഭാവുകങ്ങള് നേരുന്നു..

    ReplyDelete